പാടിയതു മുഴുവന്‍ പാഴായെങ്കിലും വീണ്ടും പാടാം
പാവനമാണീ ജീവിതമെന്നതു ദിനവും പലവട്ടം.
ആരോ കയ്യിലെടുത്തു തരും പണവും ആയുധവും
ആരുടെയും ആയുസ്സെടുക്കാനുള്ളൊരു ലൈസന്‍സോ?
നില്‍ക്കുക സോദരാ, പറയുക സോദരാ
നിന്നോടെന്തപരാധം ചെയ്തു, ആ നിലച്ച ജീവന്‍?
എതിരാളിയേയല്ലവന്‍ ഒരിക്കലും, എന്നിട്ടും
എതിരിടുവാനെങ്ങനെ നിനക്കു കഴിയുന്നു?
ആദ്യ ദര്‍ശനത്തിന്‍ കൌതുകം മാറും മുന്‍പേ, നെഞ്ചില്‍
ആഞ്ഞുവെട്ടുവാനുള്ള പക, ആരു നിന്നില്‍ നിറച്ചു
കടലിന്നുള്ളില്‍, പാതിവഴിയില്‍ കാവലാളും പോയി
കാറ്റത്താടും കപ്പലില്‍ നിന്നും കരച്ചില്‍ കേള്‍ക്കുന്നു
ഭൂതകാലത്തിന്നോര്‍മ നിറഞ്ഞ, അവരുടെ വിലാപത്തില്‍
ഭാവിയിലെ നിന്റെ അലമുറയും കുടികൊള്ളുന്നില്ലേ?
കൂരിരുട്ടില്‍ ഉയര്‍ന്നു പൊന്തും നിലവിളികള്‍ക്കിടയില്‍
കുരുന്നു ഹൃദയങ്ങളില്‍ ജനിച്ചു പോകും ഒരു പ്രതികാരി.
അവനൊരുനാളും നീയായ് മാറാതിരിക്കാന്‍
ആയുധമെറിഞ്ഞു വേഗം നീയൊരു മനുഷ്യനാകുക.
ജീവിക്കാനായി ആടുവതോ നീയീ കൊലപാതകി വേഷം,
അതിനേക്കാള്‍ സ്വയം മരിക്കുവതല്ലേ നിനക്കുത്തമം.
Tuesday, May 8, 2012
പാറകള്‍
Posted by
പഥികന്
at
8:21 PM
4
പേരുടെ അഭിപ്രായങള്‍ ഇവിടെ
Tuesday, April 26, 2011
വികാരങ്ങള്‍ക്കപ്പുറം
എന്‍ഡോസള്‍ഫാന്‍, നാട്ടിലിന്നു ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ ഉപയോഗിക്കുന്ന വിരൂപികളായ നമ്മുടെ സഹോദരങ്ങളുടെ ചിത്രങ്ങള്‍ അസ്വസ്ഥതയുളവാക്കാത്തവരാരുമുണ്ടാവില്ല. ഓരോ ദുരന്തവും കാണുമ്പോള്‍ ഇതിനു കാരണമായവയെ നാട്ടില്‍ നിന്നും കെട്ടു കെട്ടിക്കണമെന്ന വികാരം നമ്മളിലുണരും. നമ്മുടെ ആവേശവും വികാരവും സദുദ്ദേശത്തോടെ രാജ്യനന്മക്കായി ഉപയോഗിക്കുന്നവരെക്കാളധികം, അതിനെ ചൂഷണം ചെയ്തു മറ്റു ചിലര്‍ക്കെതിരെയുള്ള ആയുധമാക്കാനാണ് പലര്‍ക്കും താല്‍പ്പര്യം എന്നു നാം മറന്നു പോവുകയും ചെയ്യും.
ഒരു ഉപയോഗവുമില്ലാത്ത മദ്യമെന്ന വിഷം, സര്‍ക്കാര്‍ വിറ്റഴിക്കുന്ന നാടാണ് നമ്മുടേതു. പല രാജ്യങ്ങളും (നമ്മള്‍ പോലും) നിരോധിച്ച മരുന്നുകള്‍ പോലും ഇവിടെ നമ്മളറിയാതെ പരീക്ഷിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നു വാര്‍ത്തകള്‍. എന്നാല്‍, അതിനു വ്യത്യസ്തമായി, കീടനാശിനികള്‍ വിഷമാണെന്നും അതു മനുഷ്യനു ദോഷം ചെയ്യുമെന്നും നമുക്കറിയാം. വിഷം കഴിച്ചു ആത്മഹത്യ ചെയ്യുവാന്‍ തിരഞ്ഞെടുക്കുന്നതും കീടനാശിനികള്‍ തന്നെ. എങ്കിലും നാമവ ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ കൃഷിക്കായും മറ്റും ഉപയോഗിക്കേണ്ടി വരുന്നു. ഈ ബോധം മനസ്സില്‍ നിലനിര്‍ത്തിക്കൊണ്ടു വേണം നാം പല പ്രശ്നങ്ങളെയും സമീപിക്കാന്‍.
എന്തു കൊണ്ട് കീടനാശിനികള്‍?
കൃഷിസ്ഥലങ്ങളിലെ കീടങ്ങളെ കണ്ടെത്തി അടിച്ചു കൊല്ലാനുള്ള ഉപകരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തിടത്തോളം കാലം നമ്മള്‍ അതിനായി വിഷം ഉപയോഗിക്കാതെ നിവൃത്തിയില്ല. ഭക്ഷണം മനുഷ്യനു ആവശ്യമുള്ളിടത്തോളം കാലം ഇതു തുടരുകയും ചെയ്യും. അത്യാവശ്യമുള്ള കീടനാശിനി ആവശ്യത്തിനു മാത്രം, വേണ്ടിടത്തു മാത്രം, വേണ്ടതു പോലെ ഉപയോഗിക്കുക എന്നതാണു നല്ലതു. എല്ലാ കീടനാശിനികളും നിരോധിച്ച രാജ്യങ്ങളൊന്നും ഉണ്ടാവില്ലല്ലോ?
അതിനായി ഇത്രയേറെ പ്രശ്നങ്ങളുണ്ടാക്കുന്ന എന്‍ഡോസള്‍ഫാന്‍ തന്നെ വേണോ?
ഈ ചോദ്യത്തിനു, ദുരിതബാധിതമല്ലാത്ത ഒരു പ്രദേശത്തെ ജനങ്ങള്‍ക്കു സ്വാഭാവികമായി ഉയരുന്ന ഒരു മറു ചോദ്യം ഉണ്ടാവും. നാം കാണുന്ന പ്രശ്നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലം തന്നെയാണോ, ആണെങ്കില്‍ രാജ്യവ്യാപകമായി ഉപയോഗിക്കുന്ന ഈ കീടനാശിനി ഒരു കാര്‍ഷിക സംസ്ഥാനമേയല്ലാത്ത കേരളത്തില്‍ എന്തു കൊണ്ട് ഇത്രമാത്രം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു? എന്‍ഡോസള്‍ഫാന്‍ പ്രശ്നമില്ലാത്ത നാടുകളിലും വൈകല്യങ്ങളുള്ള ആള്‍ക്കാര്‍ ഇല്ലേ?
അധികമായതും, അശാസ്ത്രീയമായതുമായ ഉപയോഗവുമാണ് അത്തരം പ്രശ്നങ്ങള്‍ക്കു കാരണം എന്നാണതിനുത്തരം കിട്ടുക. അധികമായാല്‍ അമൃതും വിഷം എന്ന പല്ലവി ഓര്‍ക്കുക. കൂടുതല്‍ മരുന്നു കഴിച്ചാലും സമയം തെറ്റി മരുന്നു കഴിച്ചാലും മരണത്തിലേക്കു നാം ഓടിയെത്തും എന്നിരിക്കെ ഏതു വിഷത്തിന്റെയും അമിതമായതും അശാസ്ത്രീയവുമായ ഉപയോഗം ആപത്തു വരുത്തും എന്നതു സ്വാഭാവികം. അതിന്നു പരിഹാരം നിരോധനമാണോ, മിതമായതും ശാസ്ത്രീയമായതുമായ ഉപയോഗമാണോ എന്നു നാം തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു. അണക്കെട്ടുകളുടെ കാര്യത്തിലും, ആണവ പദ്ധതികളുടെ കാര്യത്തിലുമൊക്കെ നാം അത്തരം ചില തീരുമാനങ്ങളെടുക്കേണ്ടിയിരിക്കുന്നു.
രാജ്യ പുരോഗതിയും നിയമവും മറ്റും നോക്കി തീരുമാനം എടുക്കേണ്ട ഉത്തരവാദിത്വമുള്ള അധികാരികള്‍ക്കു ഒരു മധ്യപാതയേ സാദ്ധ്യമാവൂ എന്നതാണു സത്യം. ഒരു ചെറിയ വിഭാഗത്തിന്റെ പ്രക്ഷോഭമൊന്നും നയം മാറ്റത്തിന്നു മതിയായ കാരണമാക്കാന്‍ അവര്‍ക്കു പറ്റില്ല തന്നെ. (അധികാരത്തിനു പുറത്തിരിക്കുമ്പോള്‍ ജനവികാരത്തിനൊപ്പം നില്‍ക്കുകയും, നടപ്പാക്കില്ല എന്നു ഉറപ്പു നല്‍കുകയും ചെയ്യുന്ന കാര്യങ്ങള്‍ ഇടതുപക്ഷം അധികാരത്തിലേറിക്കഴിയുമ്പോള്‍ പോലും നടപ്പിലാക്കേണ്ടി വരുന്നതു, ഏ.ഡീ.ബിക്കാര്യത്തിലും ദേശീയപാതയുടെ ടോള്‍ പിരിവിന്റെ കാര്യത്തിലും, സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുമൊക്കെ നാം കണ്ടതാണല്ലോ?)
എന്‍ഡോസള്‍ഫാന്റെ ഉപയോഗം കേരളത്തില്‍ നിരോധിച്ച് കൊണ്ട് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവു പുറത്തിറങ്ങിയതു 2010 നവംബര്‍ 18 നാണ്. അതായതു പത്തു പതിനഞ്ചു കൊല്ലങ്ങളായി നമ്മളുടെ കണ്മുന്നില്‍ നാം കണ്ട ദുരിതങ്ങള്‍ക്കു വിരാമമിടാന്‍ നമ്മുടെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവു ഇറങ്ങിയിട്ടു ആറുമാസം തികഞ്ഞിട്ടില്ല. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സംസ്ഥാനങ്ങളുടെ എണ്ണത്തിന്റെ പത്തിലൊന്നു പോലും സംസ്ഥാനങ്ങള്‍ നിരോധനത്തിനായി ശബ്ദിച്ചു തുടങ്ങിയിട്ടുമില്ല. എങ്കിലും ദുരിതത്തെ ബോധ്യപ്പെട്ട് നിരോധിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം ചോദ്യം ചെയ്യുന്നില്ല എന്ന വസ്തുതയും നാം കാണാതിരുന്നു കൂടാ.
സംസ്ഥാനം ഇതിനെ നിരോധിച്ചതും, നിരോധിച്ചതിനെ ആരും ചോദ്യം ചെയ്യാത്തതും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്മയുടെ വിജയം തന്നെയാണ്. ഇന്ത്യ മുഴുവന്‍ നിരോധിക്കുക, പിന്നെ ലോകം മുഴുവന്‍ നിരോധിക്കുക എന്നതാണു അടുത്ത പടി.
ഇനി ഇന്ത്യയൊട്ടാകെ ഇതു നിരോധിക്കാന്‍ എന്തുവഴിയാണ് സ്വീകരിക്കേണ്ടതു എന്നതാണ് മറ്റൊരു ചോദ്യം?
കേന്ദ്ര സര്‍ക്കാരിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നതാണൊരു കാര്യം. കൂട്ടുകക്ഷി ഭരണത്തിന്റെ ഈ കാലത്തു അതിനേക്കാള്‍ എളുപ്പമുള്ള വഴി വേറെയില്ല. കേരളത്തിലെ എല്ലാ പാര്‍ട്ടികളും ഇതു നിരോധിക്കണമെന്ന വികാരമുള്ളവരാണെന്നാണ് പുറമേ നിന്നു നോക്കുമ്പോള്‍ മനസ്സിലാവുക. കോണ്‍ഗ്രസ്സിനു കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ പ്രശ്നം 90% കഴിഞ്ഞു. ഇപ്പോള്‍ നിരോധനം സാധ്യമല്ലെന്നു പറഞ്ഞ ഭക്ഷ്യമന്ത്രി പവാറിന്റെ പ്രസ്ഥാനം ഇവിടെ ഇടതു പക്ഷത്താണ്. അവരതു അദ്ദേഹത്തെ ബോധ്യപ്പെടുത്തിയാലും പ്രശ്നം ഏറെക്കുറെ പരിഹരിക്കപ്പെടും.
മറ്റൊരു വഴി, കൂടുതല്‍ സംസ്ഥാനങ്ങളെക്കൊണ്ട് ഈ ആവശ്യമുന്നയിപ്പിക്കുക എന്നതാണ്. കര്‍ണാടക ഭരിക്കുന്ന ബിജെപിയും, കേരളം ഭരിക്കുന്ന ഇടതു പക്ഷവും തങ്ങള്‍ ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെക്കൊണ്ട് കൂടി ഈ ആവശ്യം ഉന്നയിപ്പിച്ചാലും പ്രശ്നപരിഹാരത്തിനു വേഗത ലഭിക്കുമായിരുന്നു.
ഇനിയൊരു വഴി കോടതിയാണ്. ആ രീതി ഈ വിഷയത്തില്‍ എത്രമാത്രം സ്വീകരിച്ചിട്ടുണ്ട്? ഏറ്റവും നീതിപൂര്‍വ്വമായ വഴിയും അതാണെന്നാണ് എന്റെ അഭിപ്രായം. കേന്ദ്രം ഒരു സര്‍ക്കാര്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ പിന്‍ബലമില്ലാതെ, ജനസമ്മര്‍ദ്ധത്താല്‍ ഇനി ഇതു നിരോധിച്ചാലും കേസ് കോടതിയിലെത്താനും കോടതി നിരോധനം നീക്കാനും സാദ്ധ്യതയില്ലേ? അങ്ങനെയാണെങ്കില്‍ ഇതിനെതിരെ ഒരു റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തു നില്‍ക്കുകയാണ് നല്ലതു. അതിനു കാലതാമസം ഉണ്ടാകാതിരിക്കാനുള്ള ഉറപ്പുകളാണ് ആദ്യം വാങ്ങിയെടുക്കേണ്ടതു.
കാരണം 2002 മാര്‍ച്ചില്‍ എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമായ കീടനാശിനിയാണെന്ന് ഡുബെ കമ്മീഷന്‍ കേന്ദ്രഗവണ്‍മെന്റിന് റിപ്പോര്‍ട്ട് നല്‍കി. എങ്കിലും 2004 സെപ്‌തംബറില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പഠിക്കുന്നതിനായി പുതിയൊരു കമ്മീഷനെ (സിഡി. മായി (CD Mayee) കമ്മീഷന്‍ ) കേന്ദ്രഗവണ്‍മെന്റ് നിയമിച്ചു. 2004 ഡിസംബറില്‍ എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമാണെന്ന് മായീ കമ്മീഷനും റിപ്പോര്‍ട്ട് നല്‍കി. (റിപ്പോര്‍ട്ട് ഔദ്യോഗിക രേഖയാണെന്ന പേരില്‍ പുറത്തുവിട്ടില്ല). ഇങ്ങനൊരവസ്ഥയില്‍ എന്‍ഡോസള്‍ഫാന്‍ കുഴപ്പമാണെന്ന ഒരു നിലപാട് എങ്ങനെ കേന്ദ്രത്തിനെടുക്കാന്‍ കഴിയും?
73 രാഷ്ട്രങ്ങള്‍ നിരോധിച്ചു എന്നതു അപ്പോഴും നമ്മളുടെ മുന്നില്‍ ഒരു വസ്തുതയായി മുന്നില്‍ നില്‍ക്കുന്നു. അതില്‍ തന്നെ പല കേമന്മാരുമുണ്ട്. അതുകൊണ്ടു തന്നെ ഇവിടെയും നിരോധിക്കാന്‍ കഴിഞ്ഞാല്‍ അതു തന്നെ നല്ലതു എന്നാണു ഒരു സാധാരണക്കാരനെന്ന നിലയില്‍ എന്റെ അഭിപ്രായം. അതിനു വ്യക്തമായ റിപ്പോര്‍ട്ട് നമുക്കു കാണിക്കാനും കഴിയണം. ക്രോഡീകരിക്കപ്പെട്ട വസ്തുതകളുടെ പിന്‍ബലത്തില്‍ നിരോധനമുണ്ടാകുന്നതാണ് നല്ലതു. അതു വേഗത്തിലുണ്ടാവാന്‍ ഈ സമ്മര്‍ദ്ധങ്ങള്‍ നല്ലതു തന്നെ. നമുക്കു അതിനായ് ശ്രമിക്കാം. എന്‍ഡോസള്‍ഫാനല്ലെങ്കില്‍ മറ്റെന്താണതിനു കാരണം എന്നു കൂടി കണ്ടെത്തേണ്ടതുണ്ട്.
2002 -ല്‍ നല്‍കിയ ഒരു റിപ്പോര്‍ട്ട് കേന്ദ്രത്തിന്റെ മുന്നിലുണ്ടെന്നും, അതില്‍ എന്‍ഡോസള്‍ഫാനുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വിവരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതായി വാര്‍ത്ത കണ്ടു. അതു സത്യമാണെങ്കില്‍, അതിന്മേല്‍ ഒരു നടപടിയെടുക്കാതെ ഒന്നിനു പിറകേ മറ്റൊന്നു എന്ന രീതിയില്‍ അന്വേഷണം മാത്രം നടത്തി സമയം കളയാനാണ് കേന്ദ്ര സര്‍ക്കാരിനു താല്‍പ്പര്യമെങ്കില്‍ അതു ശുദ്ധ ചെറ്റത്തരമാണ്. പിന്നെ പ്രക്ഷോഭങ്ങളല്ലാതെ വേറെ വഴിയില്ല. അപ്പോഴും (എപ്പോഴും) കൂട്ടത്തിലെ കള്ളനാണയങ്ങളെ കരുതിയിരിക്കുക. അവര്‍ ജനങ്ങളുടെ പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്തേക്കും.
Posted by
പഥികന്
at
9:19 PM
0
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം
Wednesday, July 28, 2010
മതവും മദ്യവും മാധ്യമങ്ങളും, അവ സൃഷ്ടിക്കുന്ന മദവും മൃധവും.
അടുത്തകാലത്ത് ഫോര്‍വേഡായെത്തിയ മെയിലിലൊരു കഥയുണ്ടായിരുന്നു. വിദേശത്തു ജോലി ചെയ്യുന്ന ഒരാള്‍ , ഇന്ത്യയിലേക്കു ഉല്ലാസയാത്രക്കു പോയി വന്ന തന്റെ ബോസ്സിനോട് കുശലാന്വേഷണം നടത്തുന്നതും അതിനു കിട്ടിയ ദു:ഖകരമായ മറുപടിയുമായിരുന്നു കഥയായി വന്നത് .
അതിന്റെ ചുരുക്കം ഇങ്ങനെ. ഇന്ത്യ മുഴുവന്‍ ചുറ്റിക്കറങ്ങിയ താന്‍ സുന്ദരവും അനുഗ്രഹീതവുമായ മണ്ണും, പ്രകൃതിയും, കാലാവസ്ഥയുമൊക്കെ ആസ്വദിച്ചു വിവിധ സ്ഥലങ്ങളില്‍ പോയി അവിടുത്തെ ജനങ്ങളെയുമൊക്കെ കണ്ടു. ആ യാത്രയില്‍ കാഷ്മീരിയേയും, കേരളീയനേയും, തമിഴനേയുമൊക്കെ കണ്ടു. പക്ഷെ ഇന്ത്യയില്‍ പോയിട്ടു ഒരിന്ത്യക്കാരനെപ്പോലും കാണാനായില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷമം.
ഭാഷയെ വെച്ചു സംസ്ഥാനങ്ങളുടെ അതിര്‍വരമ്പുകള്‍ തിരിച്ചിരിക്കുന്ന നമ്മുടെ നാട്ടില്‍ ജനങ്ങള്‍ അതിന്റെ നാലതിരുകളില്‍, അല്ലെങ്കി ഭാഷയുടെ ഏകതയില്‍ ഒതുങ്ങിപ്പോകുന്നതു സ്വാഭാവികം. റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവും ആഘോഷിക്കുന്ന, അല്ലെങ്കില്‍ ഡല്‍ഹിയിലെ ആഘോഷങ്ങളും നേതാക്കളുടെ സന്ദേശങ്ങളും കാണാനായി ടി.വിക്കു മുന്നിലെങ്കിലുമിരിക്കുന്ന എത്രപേരുണ്ട് നമ്മുടെ നാട്ടില്‍ . ഒരു സ്വാതന്ത്ര്യ ദിനത്തിനു ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ആശംസക്കു പ്രത്യഭിവാദ്യം ചെയ്തതിലേറെയും വിദേശത്തായിരുന്ന സഹോദരന്മാരായിരുന്നു. ഇപ്രാവശ്യത്തെ സ്വാതന്ത്ര്യ ദിനത്തിന്റെയും, ഗാന്ധി ജയന്തിയുടേയും സന്തോഷ ദിനങ്ങള്‍ വാരാന്ത്യ അവധികളില്‍ ലയിച്ചു പോയതില്‍ പരിഭവിക്കുന്നവരാണെന്റെ ഓഫീസില്‍ അധികവും. ‘നാനാത്വത്തിലെ ഏകത്വ‘മൊക്കെ ഒരു വികാരമായി മനസ്സില്‍ രൂപീകരിച്ചു ഇന്ത്യക്കാരനാകാന്‍ നമ്മള്‍ക്കു ആദ്യം വിദേശിയാവേണ്ടി വരുന്നു എന്നതാണ് ഒരു സത്യം.
കേരളത്തിന്റെ പുതിയ സാമൂഹ്യാവസ്ഥയില്‍ നാട്ടിലെത്തുന്ന സഞ്ചാരിക്കു വിവിധ മതസ്ഥനെ കാണാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഒരു കേരളക്കാരനെ കാണാന്‍ പറ്റുന്ന കാലം എന്നുവരെയുണ്ടാവും? മതവിശ്വാസത്തിന്റെ നാലതിരുകളിലേക്ക് ജനങ്ങള്‍ ഒതുങ്ങുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിമാറുന്നുണ്ട് വേഷവിധാനത്തിലെ പ്രകടനപരതകള്‍. മുസ്ലീം സ്ത്രീകള്‍ ചുരീദാറും തലയിലെ സ്കാര്‍ഫും ഷാളുമൊക്കെമാറ്റി പര്‍ദ്ദയും മഫ്തയുമൊക്കെയാക്കിയത് അത് ഇസ്ലാം വിരുദ്ധമായതുകൊണ്ടല്ല, സൌകര്യം കൊണ്ടും പുതിയ ഫാഷന്‍ കൊണ്ടും മാത്രവുമല്ല, താന്‍ മതത്തിന്റെ ഭാഗമായാല്‍ സംരക്ഷണത്തിനു മതമെങ്കിലുമുണ്ടാകും എന്ന അരക്ഷിതാ ബോധത്തില്‍ നിന്നു കൂടിയാണ്. സമൂഹത്തിലെ മറ്റു വിഭാഗങ്ങളിലും ഇത്തരം അരക്ഷിതാവസ്ഥയുടെ പ്രതിഭലനങ്ങള്‍ വീക്ഷിക്കാന്‍ കഴിയും. ഭൂമിക്കു സമാന്തരമായി വരച്ചിരുന്ന ചന്ദനക്കുറികള്‍ ലംബമാകുന്നതും, കാവിയും കറുപ്പും വസ്ത്രങ്ങള്‍ വ്യാപകമാവുന്നതും, സിന്ദൂരത്തിലകങ്ങള്‍ എവിടേയും തിളങ്ങുന്നതും, ആള്‍ദൈവങ്ങള്‍ക്കു സ്വീകാര്യത കൂടുന്നതും, നാടുമുഴുവന്‍ പൊങ്കാലയുത്സവങ്ങള്‍ പൊടിപൊടിക്കുന്നതുമൊക്കെ കുറഞ്ഞകാലത്തിനുള്ളില്‍ വന്ന വലിയ മാറ്റങ്ങളാണല്ലോ? മതം എന്നതു ഇപ്പോള്‍ ഒരാശ്രയം എന്നതിനപ്പുറം ഒരു മദം അഥവാ ലഹരിയായി മാറുന്നു എന്ന് വിളിച്ചുപറയുന്നുണ്ട് വാര്‍ത്തകള്‍.
ഇവയൊക്കെ മതത്തോട് ചേര്‍ന്ന കാര്യമാണെങ്കില്‍, മദ്യത്തോട് ചേര്‍ന്ന അവസ്ഥയും ഭിന്നമല്ല. ഇന്നു വഴിവക്കിലൊരു ആള്‍ക്കൂട്ടം കണ്ടാല്‍ ഉറപ്പിക്കാം അവിടൊരു ബിവറേജിന്റെ ഔട്ട്ലെറ്റ് ഉണ്ടെന്ന്. വാഹനാപകടങ്ങളും, അക്രമങ്ങളും കൂടുന്നതിനൊരു കാരണം മദ്യമാണെന്നു എല്ലാവര്‍ക്കും അറിയാം. അടുത്ത കാലത്തായി ഒട്ടുമിക്ക യാത്രയിലും ഏതെങ്കിലുമൊരു മദ്യപന്‍ ഉണ്ടാക്കുന്ന പുകിലുകളില്‍ എന്റെ യാത്ര താമസിക്കാറുണ്ട്. കഴിഞ്ഞയാഴ്ച കൊല്ലം പോലീസ് സ്റ്റേഷനില്‍ രാത്രി പത്തുമണിയോടടുപ്പിച്ച് അരമണിക്കൂറോളം കളഞ്ഞതു മദ്യപിച്ചു കയറിയ ചില യുവാക്കളായിരുന്നു. ഒരു നിറഞ്ഞ ബസ്സുമുഴുവന്‍ ഒരാളുടെ പരാക്രമത്താല്‍ വിഷമിച്ചു. തിരുവനന്തപുരത്തു നിന്നും വിട്ട വണ്ടി കൊല്ലത്തെത്തുന്നതിനിടയില്‍ ഒരു മണിക്കൂറോളം വൈകിയതിനു ശേഷമാണീ ബുദ്ധിമുട്ടുകള്‍ എന്നതോര്‍ക്കണം. രാത്രിയായതിനാല്‍ പലരെയും അവസാന ബസ്സിന്റെ സമയം അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. കുറച്ചു നാള്‍ മുന്‍പ് ഇതേ രീതിയിലെ മറ്റൊരു ബസ് അനുഭവം, നമ്മുടെ നാട്ടിലെ ആയുദ്ധപരിശീലനങ്ങള്‍ നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചിട്ട പോസ്റ്റില്‍ ഞാന്‍ വിവരിച്ചിരുന്നു.
മദ്യവും മതം പോലെയാണ് ചിലര്‍ക്കു. ഒരാശ്രയം, ഒരു ധൈര്യം. ആദ്യം അതിന്റെ ചിറകില്‍ സംരക്ഷണം തേടും. പിന്നെ അതൊരു ലഹരിയായി മാറി അതിന്റെ ധൈര്യത്തിലായി അക്രമങ്ങള്‍. ഒന്നിനെ തിരഞ്ഞെടുക്കുന്നവന്റെ വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കാം. എന്നാല്‍ അടുത്ത ഘട്ടം ആക്രമണമായാലോ? പലതും അധികമാവുന്നതിന്റെ ദൂഷ്യങ്ങളാണ് നാമിന്നു കാണുന്നത്.
അധികമായിപ്പോയതിന്റെ കാര്യം പറയുമ്പോള്‍ നാട്ടിലെ വാര്‍ത്താ മാധ്യമങ്ങളുടെ കാര്യം പറയാതെ വയ്യ. ഈ കൊച്ചു ഭാഷയില്‍ ഇനിയും ഏഴോളം ചാനലുകള്‍ അണിയറയിലൊരുങ്ങുന്നു എന്ന അറിവ് പേടിപ്പെടുത്തുന്നതാണ്. ടിവിയുടെ റിമോര്‍ട്ട് നമ്മളുടെ കയ്യിലുണ്ടെന്നതാണാകെയൊരു ആശ്വാസം. എങ്കിലും വാര്‍ത്തകളിലൂടെ പോയിപ്പോയി ആ യാത്ര നമുക്കൊരു ലഹരിയായി മാറുന്നതു നാം അറിയുന്നുവോ? നാം ചാനലുകള്‍ മാറ്റുന്നതു സത്യം തേടിയാകും. എന്നാല്‍ അതു ഓഫ് ചെയ്യുന്നതിനേക്കാള്‍ നല്ലതൊന്നും വേറെ കിട്ടില്ല എന്ന സത്യം നാം വിസ്മരിച്ചു പോകുന്നു. നിങ്ങള്‍ പ്രതികരണ ശേഷി മരിച്ചിട്ടില്ലാത്ത മനുഷ്യനാണെങ്കില്‍, നിങ്ങള്‍ക്കു നിങ്ങളുടെ പകലുകളെ ആവശ്യമുണ്ടെങ്കില്‍ രാവിലെ വാര്‍ത്തകള്‍ ശ്രദ്ധിക്കരുത് എന്നാണ് എന്നോടൊരാള്‍ പറഞ്ഞതു. സുഖനിദ്രയാണു പ്രധാനമെങ്കില്‍ രാത്രിയില്‍ വാര്‍ത്ത കേള്‍ക്കരുതെന്നും.
ചുറ്റും നടക്കുന്നതറിഞ്ഞു മോശമായിപ്പോയവരേക്കാള്‍ കൂടുതല്‍ പേരൊന്നും ചുറ്റും നടക്കുന്നതറിയാതെ മോശമായിപ്പോയിട്ടില്ല എന്നതിനാല്‍ , നിങ്ങള്‍ക്കു നിങ്ങളുടെ ഉള്ളിലെ നന്മയെ കാത്തു സൂക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ വാര്‍ത്തകളേ ശ്രദ്ധിക്കരുതെന്നാണ് എനിക്കിപ്പോള്‍ പറയാന്‍ തോന്നുന്നതു.
മതവും മദ്യവും മാധ്യമങ്ങളും ഒരേ സമയം മദവും (ലഹരി) ആയുധവുമാണ് പലര്‍ക്കും. അവ ഉപയോഗിച്ചു തീര്‍ക്കുന്ന മൃധങ്ങള്‍ (യുദ്ധങ്ങള്‍) സഹിക്കാവുന്നതിലുമപ്പുറമായിരിക്കുന്നു.
Posted by
പഥികന്
at
7:49 PM
7
പേരുടെ അഭിപ്രായങള്‍ ഇവിടെ
Labels: പ്രതികരണം

